വ്രതാനുഷ്ഠാനങ്ങള്‍


പ്രദോഷവ്രതം
ത്രയോദശിതിഥിയാണ് പ്രദോഷമെന്നു അറിയപ്പെടുന്നത്. അതിൽ അസ്തമയത്തിനു തൊട്ടുപിമ്പുള്ള വേളയാണ് പ്രദോഷസമയം.ഇത് ശിവപ്രീതിക്കായി അനുഷ്ടിക്കുന്ന വ്രതമാണ്. പ്രാതസ്നാനശേഷം ശുഭവസ്ത്രം, ഭസ്മലേപനം, രുദ്രാക്ഷമാല ഇവ ധരിച്ച് നമഃശിവായ മന്ത്രജപവും ഉപവാസവുമായി കഴിയുന്നു.മനസ്സ് ദുഷിച്ച ചിന്തകൾക്ക് വശംവദമായി ദുർമാർഗ്ഗത്തിലൂടെ സഞ്ചരിക്കാതിരിക്കാനായി മനസ്, വാക്ക്, ശരീരം എന്നിവയാൽ ഈശ്വരനെ ചിട്ടപ്രകാരം ആരാധിക്കുകയെന്നതാണ് വ്രതാനുഷ്ടാനത്തിന്റെ പരമമായ ലക്ഷ്യം. ഒപ്പം മറ്റുള്ളവരുടെ വിശപ്പ് നമ്മളും അനുഭവിച്ചു അറിയുക എന്ന തത്ത്വവും ഇതിൽ അടങ്ങിയിരിക്കുന്നു. മാത്രമല്ല ഉപവാസമിരുന്നാൽ ശരീരത്തിലെ ദഹനേന്ദ്രിയങ്ങൾക്ക് അൽപ്പം വിശ്രമവും ലഭിക്കുന്നുവെന്നാണു വിശ്വാസം. സ്ത്രീ-പുരുഷഭേദമില്ലാതെ ബാലവൃദ്ധ ഭേദമില്ലാതെ കുടുംബത്തിലെ എല്ലാവരും വ്രതാനുഷ്ടാനങ്ങൾ ഒരു ശീലമാക്കിയാൽ സകുടുംബ ഐശ്വര്യം ഉണ്ടാകുമെന്നാന് ഹൈന്ദവവിശ്വാസം.
ശനിയാഴ്ചകളിൽ വരുന്ന മഹാപ്രദോഷദിനത്തിൽ ശിവക്ഷേത്ര ദർശനം നടത്തി വണങ്ങിയാൽ അഞ്ചു വർഷം ശിവക്ഷേത്രത്തിൽ പോയ ഫലം സിദ്ധിക്കുമെന്നാണ് വിശ്വാസം. തുടർച്ചയായി രണ്ടു ശനിപ്രദോഷങ്ങൾ അനുഷ്ടിച്ചാൽ അർദ്ധനാരീശ്വരി പ്രദോഷം എന്നു പറയുന്നു.ഈശ്വരനും ദേവിയും ചേർന്ന്അർദ്ധനാരീശ്വരരായിട്ടുള്ളതിനാൽ വേർപിരിഞ്ഞ ദമ്പതികൾ ഇണങ്ങിച്ചേരുമെന്നും,വിവാഹതടസ്സങ്ങൾ നീങ്ങുമെന്നും നഷ്ടപ്പെട്ട സമ്പാദ്യം വീണ്ടു കിട്ടുമെന്നും ആണ് വിശ്വാസം.പൊതുവേ പ്രദോഷവഴിപാട് ദോഷങ്ങൾ അകറ്റുമെന്ന് വിശ്വസിക്കപ്പെടുന്നു.
ശിവൻ നടരാജനായി നൃത്തം ചെയ്യുന്ന ദിവസമാണ് പ്രദോഷം.അന്ന് കൂവളത്തിലകൊണ്ട് ശ്രീപരമേശ്വരനെ അർച്ചിച്ചാൽ സായൂജ്യം കൈവരുമെന്നാണ് വിശ്വാസം. “സന്തതിക്കും യശസ്സിനും ധനത്തിനും സന്തതം ശോഭനം പ്രദോഷികംവ്രതം” എന്നാണ് ചൊല്ല്.

തിരുവാതിര

തിരുവാതിരയുടെ പുരാവൃത്തം ഇതാണ്: ദക്ഷപ്രജാപതിയുടെ ജാമാതാവാണ് ശിവന്‍. ശിവനോടൊത്തുള്ള മത്സരം കൊടുമ്പിരിക്കൊണ്ട് ദക്ഷന്‍ ഒരിക്കല്‍ ബൃഹസ്പതീസവനം എന്ന യാഗം നടത്തി. ശിവനെയോ മകള്‍ സതിയെയോ യാഗത്തിന് ക്ഷണിച്ചില്ല. ക്ഷണിച്ചില്ലെങ്കിലും പിതാവിന്റെ യാഗത്തില്‍ പങ്കുകൊള്ളേണ്ടത് പുത്രീധര്‍മമാണെന്ന് സതി കരുതി. ശിവന്‍ ആദ്യം തടഞ്ഞെങ്കിലും അവളുടെ നിര്‍ബന്ധത്തിനു വഴങ്ങി. യാഗത്തിനു ചെന്ന മകളെ അച്ഛന്‍ അവഗണിച്ചു. അപമാനം കൊണ്ട് ദുഃഖിതയായ സതി ഒരു അഗ്നികുണ്ഡമുണ്ടാക്കി അതില്‍ ചാടി മരിച്ചു. തുടര്‍ന്ന് ശിവ നിയോഗത്താല്‍ വീരഭദ്രനും ഭദ്രകാളിയും കൂടി ദക്ഷയാഗം മുടക്കുകയും ദക്ഷനെ വധിക്കുകയും ചെയ്തു.പത്നീവിയോഗത്താല്‍ ദുഃഖിതനായി ശിവന്‍ ഹിമാലയത്തില്‍ തപസ്സാരംഭിച്ചു. ഇക്കാലത്താണ് ബ്രഹ്മാവില്‍ നിന്നും വരം നേടിയ താരകാസുരന്‍ മൂന്നുലോകങ്ങളും കീഴടക്കിയത്. ശിവന് പുത്രനായി ജനിച്ചിട്ട് ഏഴുനാള്‍ കഴിയാത്ത ഒരു ശിശുവിനു മാത്രമേ അവനെ നിഗ്രഹിക്കാന്‍ കഴിയൂ. ശിവനാകട്ടെ അനപത്യനാണിപ്പോള്‍. ഇന്ദ്രാദികളും ബ്രഹ്മാവും വൈകുണ്ഠത്തിലെത്തി മഹാവിഷ്ണുവിനെക്കണ്ട് ആലോചന നടത്തി. സതീദേവി പാര്‍വതി എന്ന പേരില്‍ ഹിമവാന്റെ പുത്രിയായി അവതരിച്ചിട്ടുണ്ട്. ഉഗ്രതപസ്വിയായി ക്കഴിയുന്ന ശിവനെ ഭര്‍ത്താവായിക്കിട്ടാന്‍ അദ്ദേഹത്തിന്റെ അടുക്കല്‍ പരിചരിച്ചു കൊണ്ടിരിക്കുകയാണ് അവള്‍. ദേവന്മാര്‍ കാമനെ സമീപിച്ച് ശിവന് പാര്‍വതിയില്‍ അനുരാഗമുണ്ടാക്കിത്തീര്‍ക്കണമെന്ന് അപേക്ഷിച്ചു. ശിവതപസ്സിന് ഭംഗംവരുത്തുന്നത് കാമന്റെ നാശത്തിനിടയാക്കുമെന്നു കാമനറിയാം. ഏതായാലും നിര്‍ബന്ധത്തിനു വഴങ്ങി, കാമദേവന്‍ ശിവനുനേരേ കാമബാണങ്ങളെയ്തു. ശിവന്‍ ചഞ്ചല ചിത്തനായി; അരികെയുള്ള പാര്‍വതിയില്‍ പെട്ടെന്ന് അനുരക്തനായി. അടുത്ത നിമിഷ ത്തില്‍ത്തന്നെ ശിവന്‍ കാമദേവനെ തന്റെ തൃക്കണ്ണിലെ അഗ്നി യില്‍ ചാമ്പലാക്കി. ദേവന്മാര്‍ ദുഃഖിതരായി; കാമപത്നിയായ രതീദേവി നിലവിളിച്ചു. കാമനില്ലെങ്കില്‍ ദാമ്പത്യമില്ലാതെ ഭൂമി ദൗര്‍ഭാഗ്യത്തിലാകും. പരിഹാരത്തിനായി സ്ത്രീപുരുഷന്മാര്‍ ശിവപാര്‍വതിമാരെ ധ്യാനിച്ച് വ്രതം അനുഷ്ഠിച്ചു തുടങ്ങി. കാമദഹനം നടന്ന സ്ഥലത്ത് നിന്നു കൊണ്ട് പാര്‍വതിയും തപസ്സുതുടങ്ങി. ഭക്തരില്‍ സന്തുഷ്ടനായ ശിവന്‍ കാമനെ ജീവിപ്പിച്ചു. ശിവന്‍ പാര്‍വതിയെ വിവാഹം ചെയ്തു. അവരുടെ വിവാഹം ധനുമാസത്തിലെ തിരുവാതിരനാളിലാണെന്ന് വിശ്വസിക്കപ്പെടുന്നു. കാമദേവന്റെ ജീവന്‍ തിരിച്ചു കിട്ടാനായി ദേവന്മാരും മറ്റും അനുഷ്ഠിച്ച വ്രതത്തിന്റെ ഓര്‍മയ്ക്കായിട്ടത്രെ തിരുവാതിരവ്രതം അനുഷ്ഠിക്കുന്നത്.
കാമ ദഹനം നടന്നപ്പോള്‍ ദുഃഖിതയായ രതീദേവിക്ക് ഭര്‍ത്തൃസമാഗമം ആശംസിച്ച് പാര്‍വതി വരം നല്കിയത്രെ. ആ പുനര്‍ലബ്ധിയുടെ ഓര്‍മയ്ക്കായിട്ടാണ് തിരുവാതിര കൊണ്ടാടുന്നതെന്നും വിശ്വാസമുണ്ട്. മറ്റൊരു കഥ കൃഷ്ണനേയും ഗോപസ്ത്രീകളേയും ആസ്പദിച്ചാണ്. ഗോപസ്ത്രീകള്‍ കൃഷ്ണനെ ഭര്‍ത്താവായിക്കിട്ടാന്‍ അതിരാവിലെ യമുനാനദിയില്‍ മുങ്ങി ക്കുളിക്കുകയും മണ്ണുകൊണ്ട് കാര്‍ത്യായനീ വിഗ്രഹം ഉണ്ടാക്കി പൂജിക്കുകയും വ്രതമാചരിക്കുകയും ചെയ്തുവന്നതിന്റെ ഓര്‍മയ്ക്കായിട്ടാണ് തിരുവാതിര വ്രതമെന്നും വിശ്വസിക്കപ്പെടുന്നു.
'ഓം ശിവശക്‌തിയൈക്യരൂപിണിയേ നമഃ' എന്ന്‌ 108 പ്രാവശ്യം ഉരുവിടുന്നത്‌ ഭാര്യ ഭര്‍തൃബന്ധത്തിന്റെ ഐക്യത്തിന്‌ ഉത്തമമാണ്‌. ഉദ്ദിഷ്‌ട വിവാഹം നടക്കാന്‍ പെണ്‍കുട്ടികള്‍ 'ഓം സോമായ നമഃ' എന്ന്‌ 108 പ്രാവശ്യം ഉരുവിടു. 'ഓം ഉമാമഹേശ്വരായനമഃ' എന്ന്‌ 108 തവണ ഉരുവിടുന്നതിലൂടെ ആണ്‍കുട്ടികള്‍ക്ക്‌ നല്ല ഭാര്യമാരെ ലഭിക്കുന്നതാണ്‌. തിരുവാതിര ദിനം ഉറക്കമിളയ്‌ക്കുന്നതും ഭജന, ശിവസഹസ്രനാമ പാരായണം, ഹാലാസ്യ മാഹാത്മ്യ പരായണം, നമഃശിവായ മന്ത്രജപം എന്നിവ നല്ലതാണ്‌. പുണര്‍തം ദിവസം ശിവനെ മനസ്സില്‍ ധ്യാനിച്ച്‌ ശിവക്ഷേത്രദര്‍ശനം നടത്തി തീര്‍ത്ഥം സേവിച്ച്‌ വ്രതമവസാനിപ്പിക്കുക.
 ശിവരാത്രി വ്രതം
ആലസ്യമാകുന്ന നിദ്രയില്‍ ആണ്ടു കിടക്കുന്നമാനവരാശിയെ  തട്ടിയുണര്‍ത്തി മാനസികവും ശാരീരികവും ആത്മീയവുമായ ഉത്തേജനമേകാനാണ് വര്‍ഷത്തില്‍ ഒരിക്കല്‍ ശിവരാത്രി എത്തുന്നത്. ക്ഷണികമായ എല്ലാത്തില്‍ നിന്നും മനസിനെ പിന്തിരിപ്പിച്ച് ഭക്ഷ്യപാനീയങ്ങളെ ഒരുദിവസമെങ്കിലും ഉപേ- ക്ഷിച്ച് നിദ്രയേയും ആലസ്യത്തേയും  കൈവെടിഞ്ഞ് ഭയം, ക്രോധം, കാമം, മദം, മല്‍സരം എന്നീ മനോവികാരങ്ങളെ കഴുകി കളഞ്ഞ് ശുഭവും ദൈവികവുമായ കാര്യങ്ങള്‍ മാത്രം ചിന്തിച്ച് കഴിയാനാണ് ശിവരാത്രി വ്രതം കൊണ്ട് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. വ്യക്തിക്കും കുടുംബത്തിനും ശാന്തിയും ആനന്ദവും സമഭാവനയും കൈവരിക്കാന്‍ ശിവരാത്രി അനുഷ്ഠാനത്തിലൂടെ സാധിക്കും.
                        കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദര്‍ശി മഹാശിവരാത്രി. പഞ്ചാക്ഷരി മന്ത്രങ്ങളാല്‍ ഭക്തലക്ഷങ്ങള്‍ മഹാദേവനെ സ്തുതിക്കുന്ന പുണ്യദിനമാണ് ശിവരാത്രി. കോശ ശ്രോതസുകളായ സൂര്യന്‍,ചന്ദ്രന്‍, അഗ്നി എന്നിവയെ പ്രതിനിധീകരിക്കുന്ന ഭഗവാന്റ മൂന്നു നേത്രങ്ങള്‍ ഉള്ളതിനാല്‍ മുക്കണ്ണനായി. പുലിത്തോലണിഞ്ഞവനും പന്നഗഭൂഷണന നും ഭസ്മാലംകൃതനുമായ ശിവന്‍ ത്യാഗത്തിന്റെയും വൈരാഗ്യ ത്തിന്റെയും ആത്മജ്ഞാനത്തിന്റെയും മൂര്‍ത്തിയായ ജഗത് ഗുരുവും ജഗത്പതിയുമാണ്.
                       ലോകൈകനാഥനായ പരമശിവനു വേണ്ടി പാര്‍വതീദേവി ഉറക്കമിളച്ചു പ്രാര്‍ഥിച്ച രാത്രിയാണത്രേ ശിവരാത്രി. മാഘമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശി ദിവസമായിരുന്നു അത്. അതുകൊണ്ട് എല്ലാ കൊല്ലവും മാഘ മാസത്തിലെ കറുത്ത ചതുര്‍ദശി ദിവസം ഭാരതം മുഴുവന്‍ ശിവരാത്രി ആഘോഷിക്കുന്നു

No comments:

Post a Comment